ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
സ്ഥാപന ചരിത്രം
സ്ഥലനാമചരിത്രം
ഒരിക്കല്‍ പൂഞ്ഞാര്‍ തമ്പുരാട്ടി സഹോദരിയെ കാണാന്‍ എഴുന്നളളുകയും താമസസ്ഥലത്തെത്തും മുമ്പ് വഴിയില്‍ വൃത്തവും ചതുരവുമല്ലാത്ത ഒരു കുളം കാണുകയും ഒരു ഭംഗിയുമില്ലാതെ വാതരോഗിയുടെ ചുണ്ട് കോടിയതുപോലുള്ള ഈ കുളം ആര് കുത്തിയതെന്ന് ചോദിക്കുകയും അന്ന് മുതല്‍ ആ കുളത്തിനും ഈ കരയ്ക്കും കോടിക്കുളമെന്ന് പേര് വീണു എന്നുമാണ് ഐതിഹ്യം. ആ കാലത്ത് അടിയാന്‍മാരുടെ തീണ്ടല്‍ വലിയ ശാപമായിരുന്നു. തീണ്ടല്‍ മൂലം എണ്ണ, ഉപ്പ്, പഴങ്ങള്‍ തുടങ്ങി ഭക്ഷ്യ വസ്തുക്കള്‍ പോലും ഉപേക്ഷിക്കേണ്ടി വന്നകാലത്ത് മറ്റ് മതക്കാര്‍ തൊട്ടാല്‍ അത് ശുദ്ധമാകുമെന്ന് ഒരു നിയമമുണ്ടായി. അങ്ങനെ അടിയാന്‍ തൊട്ടോ തീണ്ടിയോ അശുദ്ധമായവ ശുദ്ധീകരിക്കാന്‍ അന്യമതക്കാരനെ അന്വേഷിച്ചു ചെന്നപ്പോള്‍ മുണ്ടക്കാമറ്റം എന്നൊരു ക്രിസ്തീയ കുടുംബത്തെ നാകപ്പുഴപ്പള്ളിക്കടുത്ത് കണ്ടെത്തുവാന്‍ കഴിഞ്ഞു. എന്നാല്‍ മുണ്ടക്കാമറ്റം ഇവിടെ എത്തുന്നതിനുമുമ്പുതന്നെ വണ്ടമറ്റത്തുണ്ടായിരുന്ന ഇടശ്ശേരിമന വിലയ്ക്കു വാങ്ങി മറ്റൊരു ക്രിസ്തീയ കുടുംബം പാര്‍പ്പ് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കാപ്പിലച്ഛന്‍ കോടിക്കുളത്തു വന്നെന്നും തീര്‍ത്തും ദു:ഖാവസ്ഥയില്‍ കിടന്ന അടിയാന്‍മാരെ കണ്ടെന്നും ഈ കാഴ്ചയിലുണ്ടായ ദു:ഖമോ തന്റെ മതാനുയായികളെ സൃഷ്ടിക്കുവാനുള്ള വ്യഗ്രതയോ അദ്ദേഹം അരമനയില്‍ നിന്നും അനുവാദം വാങ്ങി കോടിക്കുളത്തൊരു പള്ളി വച്ച് അടിയാന്‍മാരെ ജ്ഞാനസ്നാനം ചെയ്യിച്ചുവെന്നും ഒരു കഥയുണ്ട്. കോടിക്കുളം പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന കോട്ടറോഡ് എന്ന നാമത്തില്‍ അറിഞ്ഞുവരുന്ന റോഡ് ഒരു കാലഘട്ടത്തിന്റെ ചരിത്ര രേഖയായിരുന്നു. തെക്കുംകൂര്‍, വടക്കുംകൂര്‍ രാജാക്കന്‍മാര്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയായി കാലങ്ങള്‍ക്കു മുമ്പ് തീര്‍ത്ത ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ പലതും ഇവിടെ അവശേഷിക്കുന്നു. മധുര മുതല്‍ കൊച്ചി വരെ ദൈര്‍ഘ്യം ഉണ്ടായിരുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ നിര്‍മ്മിച്ചതായി അനുമാനിക്കാം. ഏകദേശം 100-ലിങ്സ് വീതിയില്‍ തീര്‍ത്തിരിക്കുന്ന ഈ കോട്ടയില്‍ അവിടവിടെ വട്ടക്കോട്ടകളും തീര്‍ത്തിരിക്കുന്നതായി കാണാം. 1946-50 കാലഘട്ടത്തില്‍ വടക്കുംകൂറിലെ പ്രതാപശാലിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ യുദ്ധത്തില്‍ തോല്‍പ്പിച്ചതോടെ കോട്ടയുടെ ആവശ്യമില്ലാതായിത്തീര്‍ന്നു. വീതിയേറിയ കിടങ്ങുകളിലെ മണ്ണ് തിട്ടകളാക്കി അതില്‍ മുളകള്‍ വരിയായി വച്ച് പിടിപ്പിച്ച് കോട്ടയ്ക്ക് സ്ഥിര സംരക്ഷണം നല്‍കിയിരുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഇന്ന് കര്‍ഷകര്‍ തങ്ങളുടെ ചെറുപുരയിടങ്ങളിലൂടെ അവശേഷിച്ച കോട്ടമതിലുകള്‍ സൌകര്യാര്‍ത്ഥം പരിവര്‍ത്തനവിധേയമാക്കിയിരിക്കുന്നു. അതിനാല്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രസ്തുത സ്മാരകം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.
കാര്‍ഷിക ചരിത്രം
കോടിക്കുളം പഞ്ചായത്തില്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ കൃഷി വ്യാപകമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി കുന്നും ചെരുവുകളും താഴ്വരകളും നിറഞ്ഞതായി കാണപ്പെടുന്നു. കുന്നിന്‍ ചെരുവുകളില്‍ സാമാന്യം വളക്കൂറുള്ള ചെമ്മണ്ണും താഴ്വരകളില്‍ പശിമരാശി മണ്ണുമാണ് കണ്ടു വരുന്നത്. മരച്ചക്കുകള്‍ ഉപയോഗിച്ച് കൊപ്ര ആട്ടി എണ്ണയെടുത്ത് ഉപയോഗിച്ചിരുന്നു. ഈ പഞ്ചായത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ (വണ്ടമറ്റം, പടിഞ്ഞാറേ കോടിക്കുളം, കോടിക്കുളം) മൃഗങ്ങളെ ഉപയോഗിച്ച് കൊപ്ര ആട്ടുന്ന സംവിധാനം നിലനിന്നിരുന്നു. ഇവിടെ ഉല്‍പാദിപ്പിച്ചിരുന്ന എണ്ണ വള്ളം, കാളവണ്ടി എന്നിവ ഉപയോഗിച്ച് ആലപ്പുഴ മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നു. അവിടെനിന്നും പുകയില, ഉപ്പ് എന്നിവ തിരികെ ഇറക്കുമതി ചെയ്തിരുന്നു. നെല്ലിന്റെ ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി കരഭൂമികളില്‍ വിരിപ്പ് കൃഷിയും അതോടൊപ്പം തന്നെ ഭക്ഷ്യാവശ്യത്തിനുള്ള മരച്ചീനി, വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷി ചെയ്തിരുന്നു. 1958-ലെ കേരള ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വന്നതോടെ കുടിയാന്‍മാര്‍ക്ക് (കൃഷിക്കാര്‍ക്ക്) കൃഷി ഭൂമി സ്വന്തമാവുകയും, അവര്‍ തന്നെ കൃഷി ചെയ്യുന്ന സംവിധാനവും നിലവില്‍ വരികയും ചെയ്തു. കൃഷിഭൂമി ചെറു തുണ്ടുകളായി വിഭജിക്കപ്പെട്ടുവെങ്കിലും നെല്‍കൃഷിയുടെ കാര്യത്തില്‍ ഒരേ കാലയളവില്‍ നിലം ഉഴുത് കൃഷിയിറക്കുന്ന സമ്പ്രദായമാണ് തുടര്‍ന്നുപോന്നത്.
സാംസ്ക്കാരികരംഗം
കോടിക്കുളം സെയിന്റ് ആന്‍സ് ദേവാലയത്തിലെ പള്ളിവികാരി ബഹു.ജേക്കബ് തേവര്‍പാടത്തച്ഛന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചെറുപുഷ്പം വായനശാല 1944-ല്‍ കേരളാഗ്രന്ഥശാലാ സംഘത്തില്‍ 644-ാം നമ്പര്‍ ആയി ഇടം നേടുകയും പിന്നീട് ലിറ്റില്‍ഫ്ലവര്‍ പബ്ളിക് ലൈബ്രറി കോടിക്കുളം എന്ന പേരില്‍ ഒരു പൊതുസ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സജീവ പ്രവര്‍ത്തനം മൂലം ലൈബ്രറി ഏതാനും വര്‍ഷംകൊണ്ട് തൊടുപുഴ താലൂക്കിലെ ഏറ്റവും വലിയ ലൈബ്രറി ആയി ഉയര്‍ന്നു. കോടിക്കുളം പഞ്ചായത്ത് വളരെ പുരാതനമായ ഒരു സാംസ്ക്കാരിക പാരമ്പര്യമുള്ള പ്രദേശമാണ്. ജനങ്ങള്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ്. മുസ്ലീമുകള്‍ മേല്‍പ്പറഞ്ഞ രണ്ടു സമുദായങ്ങളെ അപേക്ഷിച്ച് കുറവാണ്. ജാതിപരമായ യാതൊരുവിധ ചേരിതിരിവും ഇവിടെ പ്രകടമാകാറില്ല. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും അമ്പലങ്ങളിലും ഉത്സവങ്ങളിലും എല്ലാ വിഭാഗത്തിലും ഉള്‍പെട്ട ആളുകളുടെ പങ്കാളിത്തം ഉണ്ടാകാറുണ്ട്.
കോടിക്കുളം -2010
1951-ലെ തിരു-കൊച്ചി പഞ്ചായത്ത് ആക്ട് നിലവില്‍ വന്നപ്പോള്‍ രൂപീകരിച്ച പഞ്ചായത്താണ് കോടിക്കുളം പഞ്ചായത്ത്. 18.92 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിലെ ജനസംഖ്യ 12886 ആണ്. ഇതില്‍ 6472 പേര്‍ പുരുഷന്‍മാരും 6414 പേര്‍ സ്ത്രീകളുമാണ്. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരത 94% ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് കോടിക്കുളം ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി കുന്നും, ചെരിവുകളും, താഴ്വരകളും നിറഞ്ഞതാണ്. കുന്നിന്‍ചെരിവുകളില്‍ സാമാന്യം വളക്കൂറുള്ള ചെമ്മണ്ണും, താഴ്വരകളില്‍ പശിമരാശി മണ്ണുമാണ് കണ്ടുവരുന്നത്. സുഗന്ധവ്യജ്ഞനങ്ങളുടെ കലവറയായിരുന്ന ഇവിടെ ഒരു കാലത്ത് കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കച്ചോലം ഇവ സമൃദ്ധമായി വളര്‍ന്നിരുന്നു. ഇന്ന് റബ്ബര്‍, തെങ്ങ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൊക്കോ, കാപ്പി, നെല്ല് എന്നിവയും കൃഷി ചെയ്തു വരുന്നു. കാളിയാര്‍ പുഴ പഞ്ചായത്തിലെ കൊടുവേലി, കാളിയാര്‍, തെന്നത്തൂര്‍ പാറപുഴ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്നു. കൂടാതെ 4 കുളങ്ങളും പ്രധാന ജലസ്രോതസ്സുകളില്‍പെടുന്നു. 9 പൊതുകിണറുകളാണ് പഞ്ചായത്തിലുള്ളത്. 56 പൊതുകുടിവെള്ള ടാപ്പുകള്‍ ശുദ്ധജലവിതരണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. വനമേഖലയായ ഏഴല്ലൂരാണ് പഞ്ചായത്തിലെ കുന്നിന്‍ പ്രദേശം. 120 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയാണ്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ എറണാകുളമാണ്. തുറമുഖമെന്ന നിലയില്‍ കൊച്ചിതുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. തൊടുപുഴ ബസ് സ്റ്റാന്റാണ് പഞ്ചായത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന ബസ് സ്റ്റാന്റ്. തൊടുപുഴ-വണ്ണപ്പുറം റോഡാണ് പഞ്ചായത്തിലൂടെയുള്ള പ്രധാന റോഡ്. കോടിക്കുളം പഞ്ചായത്തില്‍ കാര്‍ഷികോല്പന്നങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചില ചെറുകിട വ്യവസായങ്ങളാണ് നിലനിന്നിരുന്നത്. ഇന്ന് പഞ്ചായത്തില്‍ പരമ്പരാഗത ചെറുകിട ഇടത്തരം വ്യവസായങ്ങളാണ് ഉള്ളത്. മെഴുകുതിരി, സോപ്പ് എന്നിവ നിര്‍മ്മിക്കുന്ന വ്യവസായയൂണിറ്റുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പരമ്പരാഗത വ്യവസായരംഗത്ത് പപ്പടം, അച്ചാര്‍ നിര്‍മ്മാണം എന്നീ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. പൊതുവിതരണരംഗം കാര്യക്ഷമമാക്കാന്‍ പഞ്ചായത്തില്‍ 9 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2 മാവേലി സ്റ്റോറുകളും പഞ്ചായത്തില്‍ പൊതുവിതരണരംഗത്തുണ്ട്. കോടിക്കുളം പഞ്ചായത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമടങ്ങുന്ന ജനസമൂഹം ജീവിക്കുന്ന പ്രദേശമാണ്. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. അഞ്ചക്കുളം, അരീമണ്ണൂര്കാവ്, തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രം, വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളി, കോടിക്കുളം സെന്റ് ആന്‍സ് പള്ളി, കാളിയാറുള്ള മുസ്ലീംപള്ളി, കോടിക്കുളം മുഹൈദീന്‍ ഷാബി പള്ളി, മുഹൈദീന്‍ അനമ്പിപള്ളി തുടങ്ങിയവയാണ് വിവിധ വിഭാഗങ്ങളുടെ പഞ്ചായത്തിലെ ആരാധനാലയങ്ങള്‍. ഇവിടങ്ങളില്‍ നടക്കുന്ന പെരുന്നാളുകളിലും, ഉല്‍സവങ്ങളിലും എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. കോടിക്കുളം സെന്റ് ആന്‍സ് ദേവാലയത്തിനോടനുബന്ധിച്ച് ജേക്കബ് തേവര്‍പാടത്തച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചെറുപുഷ്പം വായനശാല 1944 മുതല്‍ ലിറ്റില്‍ ഫ്ലവര്‍ പബ്ളിക് ലൈബ്രറി എന്ന പേരില്‍ കേരള ഗ്രന്ഥശാലാ സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തു. തൊടുപുഴ താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറി ആയി ലിറ്റില്‍ ഫ്ലവര്‍ ലൈബ്രറി മാറി. ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള വോളിബോള്‍, ബാഡ്മിന്റണ്‍ ടീമുകള്‍ ഇടുക്കി ജില്ലയിലെ തന്നെ പ്രമുഖ ടീമുകളായിരുന്നു. ദേശീയ, സംസ്ഥാന, യൂണിവേഴ്സിറ്റി തലങ്ങളിലെ വോളിബോള്‍ താരങ്ങളായ മോളി.പി.തോമസ്, ബീന ആന്റണി, മോളി ജോസഫ്, ജാന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ലൈബ്രറിയുടെ വോളിബോള്‍ ടീമിലൂടെ വളര്‍ന്ന് വന്നവരാണ്. കോടിക്കുളം പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെയാണ് പഞ്ചായത്തിലെ ജനങ്ങള്‍ ചികിത്സക്കായി ആശ്രയിക്കുന്നത്. മൃഗചികിത്സയ്ക്കായി കോടിക്കുളത്ത് ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്വകാര്യമേഖലകളിലായി 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ഗവ.യു.പി.എസ് നെടുമറ്റത്തും, ഗവ.എച്ച്.എസ് കോടിക്കുളത്തും പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയില്‍ പഞ്ചായത്തില്‍ എട്ട് വിദ്യാലയങ്ങള്‍ ഉണ്ട്. സാമൂഹ്യസേവനരംഗത്ത് ഒരു അഗതിമന്ദിരം കോടിക്കുളം പഞ്ചായത്തില്‍ നിലവിലുണ്ട്. കോടിക്കുളത്ത് ഒരു ദേശസാല്‍കൃത ബാങ്ക് പ്രവര്‍ത്തിക്കുന്നു. കോടിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്, നെടുമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ സഹകരണ മേഖലയിലെ പ്രധാന സ്ഥാപനങ്ങളാണ്. അഞ്ച് തപാല്‍ ഓഫീസുകളും 2 ടെലിഫോണ്‍ എക്സ്ചേഞ്ചുകളും കോടിക്കുളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കോടിക്കുളത്താണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൃഷിഭവന്‍ വണ്ടമറ്റത്ത് സ്ഥിതി ചെയ്യുന്നു. കാളിയാറിലാണ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 104 കുടുംബശ്രീ യൂണിറ്റുകളും 2 അക്ഷയകേന്ദ്രങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഭരണ ചരിത്രം
വില്ലേജ് യൂണിയനായി പ്രവര്‍ത്തിച്ചു വന്നിരുന്ന കോടിക്കുളം 1951-ലെ തിരു-കൊച്ചി പഞ്ചായത്ത് ആക്ട് അനുസരിച്ച് കരിമണ്ണൂര്‍ വില്ലേജിലെ കോടിക്കുളം, നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം എന്നീ കരകള്‍ ചേര്‍ത്ത് കോടിക്കുളം ഹെഡ് ക്വാര്‍ട്ടേഴ്സ് ആയി രൂപീകരിച്ച പഞ്ചായത്താണ്. ഏകദേശം 45 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 10,000 (പതിനായിരം)-ത്തോളം ജനസംഖ്യയും അന്ന് പഞ്ചായത്തിലുണ്ടായിരുന്നു. 1953-ല്‍ 7-വാര്‍ഡുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. 1976 ജൂലൈ മാസത്തില്‍ കോടിക്കുളം പഞ്ചായത്ത് കോടിക്കുളം, വണ്ണപ്പുറം എന്നിങ്ങനെ രണ്ട് പഞ്ചായത്തുകളായി വിഭജിക്കുകയും നിലവിലുള്ള കോടിക്കുളം പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിടുകയും ശ്രീ എം റ്റി ചാക്കോയുടെ നേതൃത്വത്തില്‍ കോടിക്കുളം പഞ്ചായത്തിലും ശ്രീ അബ്ദുള്‍ റഷീദ് ലബ്ബയുടെ നേതൃത്വത്തില്‍ വണ്ണപ്പുറം പഞ്ചായത്തിലും ഓരോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഗവണ്‍മെന്റ് നിയമിക്കുയും ചെയ്തു. 1979-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ.എന്‍.എം.ആന്റണി പ്രസിഡണ്ടും, ശ്രീമതി മേരി വിന്‍സെന്റ് വൈസ് പ്രസിഡന്റുമായുള്ള ഭരണ സമിതി നിലവില്‍ വന്നു.
സാമൂഹ്യ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പോലും ഭൂപ്രഭുക്കളും കാര്യസ്ഥരും അടിയാന്‍മാരും ചേര്‍ന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണിവിടെ നിലനിന്നിരുന്നത്. കുപ്പയില്‍ കുഴി കുത്തി ഇലക്കുമ്പിളിലും പാളയിലും അവര്‍ കരിക്കാടി കഴിച്ചിരുന്നു. കഞ്ഞി എന്ന പദം ഉപയോഗിക്കാന്‍ പോലും അടിയാളന്‍മാര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. മുട്ടിനു മുകളില്‍ ഒരു തുണ്ട് തുണി എന്നതല്ലാതെ മാറു മറക്കാന്‍ അവര്‍ക്കവകാശമുണ്ടായിരുന്നില്ല. പ്രകാശം വീഴുമ്പോള്‍ മുതല്‍ പണിയെടുക്കുക, കൂലി ചോദിച്ചാല്‍ അടി കിട്ടുക ഇതാണ് നിയമം. ഒരു ദിവസം മുഴുവന്‍ പണിയെടുത്താല്‍ പുരുഷന് ഒന്നേകാല്‍ ഇടങ്ങഴി നെല്ല്. ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം ഒരു കിലോ നെല്ല് അതായിരുന്നു കൂലി. അടിയാത്തിയ്ക്ക് മുക്കാല്‍ കിലോയും. അന്ന് കാട് തെളിച്ച് കൃഷി ചെയ്ത് കാത്തു കിടന്ന് വിളവെടുത്ത് ജന്‍മിക്ക് കൊടുക്കേണ്ട ചുമതല അടിയാന്റെതായിരുന്നു. അനേകം അടിയാന്‍മാരുടെ രക്തം വീണ് കുതിര്‍ന്നതാണ് കോടിക്കുളം പഞ്ചായത്തിന്റെ മണ്ണ്. എന്നാല്‍ തിരുവായ്ക്കെതിര്‍വായ് തുറന്ന ചരിത്രം ഇല്ല. കിളിപ്പാട്ടിലും കളപറിപ്പാട്ടിലും ഞാറ്റുപാട്ടിലും ഈണം മറന്ന വിധം ഇന്നും ചില ഈരടികള്‍ അങ്ങിങ്ങ് മൂളുന്നത് കേള്‍ക്കാം. പഞ്ചായത്തിന് സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ട്. കണ്ണമ്പുഴ തണ്ടാന്‍മാര്‍ ഇവിടെ വളര്‍ന്നുവന്നവരാണ് എന്നാണ് ഐതിഹ്യം. പതിനാറ് ഏക്കര്‍ സ്ഥലത്തിന് കരം കെട്ടിയിരുന്ന ആദ്യത്തെ ജന്‍മി കണ്ണമ്പുഴ തണ്ടാന്‍മാര്‍ ആണെന്നു പറയപ്പെടുന്നു. നാല്‍പത് പോത്തുകളും കുടി നിറയെ അടിയാന്‍മാരും, തൊഴുത്തു നിറയെ പശുക്കളുമായി വാണ കാലങ്ങള്‍ ഐശ്വര്യത്തിന്റെ പഴയ കാലമായിരുന്നു. കാരിക്കോട് കേന്ദ്രമായി ഭരിച്ചിരുന്ന വടക്കുംകൂര്‍ രാജാവിനെ മാര്‍ത്താണ്ഡവര്‍മ്മ തോല്പ്പിച്ച സമയത്ത് പൊന്നും പണവും കാഴ്ചവച്ചാണ് കണ്ണമ്പുഴക്കാര്‍ തണ്ടാന്‍സ്ഥാനം നേടിയത്. ഇതു കൂടാതെ ദ്രാവിഡ സംസ്ക്കാരത്തിന്റെ അവശിഷ്ടമായ സര്‍പ്പക്കാവ് ഈ അടുത്ത കാലം വരെ കണ്ണമ്പുഴ പുരയിടത്തിലുണ്ടായിരുന്നു.ഭ